തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിൽ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
ചെമ്പഴന്തി ഉദയനെ കൂടാതെ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ആർ.സുഗതന്റെ രാജിക്കായി യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിനിടെ അജണ്ടകൾ പാസായെന്ന് പറഞ്ഞ് മേയർ കസേര വിട്ടതിന് പിന്നാലെ യുഡിഎഫ്-ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടുകയായിരുന്നു. യോഗത്തിനുശേഷം ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെ കെ.എസ്.ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും ഇതിനിടെ വനിതാ കൗൺസിലർമാരെ കൈയേറ്റം ചെയ്തെന്നുമാണ് യുഡിഎഫിന്റെ പരാതി.
അതേസമയം യുഡിഎഫ് കൗൺസിലർമാർക്കെതിരെ ഇന്ന് പരാതി നൽകുമെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കൈയാങ്കളിയുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.